
ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തിനു പിന്നാലെ വൈകാതെ തന്നെ അമേരിക്കയില്‍നിന്ന് വിമാനം കയറിയ ലൂയിസ് ഡി ലാ ഫ്യൂന്റെയും സംഘവും തിങ്കളാഴ്ച ഉച്ചയ്ക്ക് മഡ്രിഡിലെ ബരാജാസ് വിമാനത്താവളത്തിലിറങ്ങി.
ലോകകപ്പ് ട്രോഫി ഉയര്‍ത്തിപ്പിടിച്ചാണ് നായകന്‍ റോഡ്രിയും സംഘവും വിമാനത്തിന്റെ പടവുകള്‍ ഇറങ്ങിയത്. മഡ്രിഡിലെ പ്രശസ്തമായ പ്ലാസ ഡി സിബെലെസില്‍ വന്‍ ജനസഞ്ചയത്തെ സാക്ഷിനിര്‍ത്തി ടീമിനായി വിജയവിളംബര പരേഡ് സംഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ പങ്കെടുക്കാനാണ് വിജയാഘോഷങ്ങള്‍ ന്യൂയോര്‍ക്കില്‍ നീട്ടിക്കൊണ്ടുപോകാതെ ടീം ഉടന്‍തന്നെ ജന്മനാട്ടിലേക്ക് വണ്ടി കയറിയത്.ഫൈനല്‍ വിജയത്തിനു ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയ ടീം അംഗങ്ങള്‍ ചെറിയ ആഘോഷങ്ങള്‍ മാത്രമാണ് നടത്തിയത്. ടീം ബസിലും വിമാനത്തിലും വെച്ച് പാട്ടുകള്‍ പാടിയും ട്രോഫിക്കൊപ്പം ചിത്രങ്ങളെടുത്തുമാണ് താരങ്ങള്‍ സന്തോഷം പങ്കുവെച്ചത്. വിലപിടിപ്പുള്ള വീഞ്ഞും സിഗാറുമൊക്കെയായി ഹോട്ടല്‍ മുറിയില്‍ താരങ്ങള്‍ വിജയം ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
യുവതാരം ലാമിന്‍ യമാലിന്റെ സഹോദരന്‍ കീനും പെണ്‍സുഹൃത്ത് ഇനസ് ഗാര്‍സിയയും മൈതാനത്ത് വെച്ച് താരത്തോടൊപ്പം വിജയാഘോഷത്തില്‍ പങ്കുചേര്‍ന്നത് ആരാധകരുടെ ശ്രദ്ധകവര്‍ന്നു. തുടര്‍ന്ന് പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടുമണിയോടെ ന്യൂവാര്‍ക്ക് വിമാനത്താവളത്തില്‍നിന്ന് എയര്‍ബസ് അ350 വിമാനത്തിലാണ് ടീം സ്‌പെയിനിലേക്ക് തിരിച്ചത്.
Photo Courtesy - Google










